തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുന്നതിൽ സർക്കാർ അനാവശ്യ ധൃതിയോ തിടുക്കമോ കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വ്യക്തിപരമായ വിഷയങ്ങളിലേക്ക് കടക്കാതെ വ്യക്തമായ നിയമോപദേശം തേടിയാണ് മുന്നോട്ടുപോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധികൾ കർശനമായി പാലിച്ചുകൊണ്ട് കേസെടുക്കാനാണ് തീരുമാനം. പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരായ കേസായതിനാലാണ് നടപടികളിൽ തിടുക്കം കൂട്ടാതെ വ്യക്തത വരുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും സതീശൻ വിവരിച്ചു.
ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി കോടതി ഉത്തരവ് പ്രകാരം ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാസപ്പടി കേസിൽ ഇഡി നല്കിയ കത്തില്‍ പിണറായിക്കും റിയാസിനുമെതിരെ അഴിമതിക്ക് കേസെടുക്കണമെന്ന് ഇന്ന് ഉച്ചയ്ക്കാണ് ഹൈക്കോടതി നിർണായക ഉത്തരവിട്ടത്. എഫ്ഐആർ ഇട്ട് കേസെടുക്കാൻ വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോതി നിർദ്ദേശം നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് സർക്കാർ രൂപീകരിച്ച എസ്ഐടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.